മൊയ്തുണ്ണിയുടെ മഹാരാജാസ് സ്മരണയില്‍ നിറയുന്നത് ചങ്ങമ്പുഴ

Apr 13, 2008


തൊണ്ണൂറുകാരനായ മൊയ്തുണ്ണിയുടെ ഓര്‍മികള്‍ക്കിന്നും വസന്തത്തിന്റെ മണികിലുക്കം. മഹാരാജാസ് കോളേജിലെ മൂന്നുവര്‍ഷത്തെ പഠനകാലമാണ് ഈ വന്ദ്യവയോധികന്റെ ഓര്‍മകള്‍ക്ക് ഇന്നും യൌവനദീപ്തി പകരുന്നത്. മലയാളകവിതയുടെ മണികിലുക്കമായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സമകാലികനായി മഹാരാജാസില്‍ ചെലവഴിച്ച കാലം മൊയ്തുണ്ണിയുടെ ഓര്‍മകള്‍ക്ക് ഹരിതാഭയേകുന്നു. അതുകൊണ്ടുതന്നെയാണ് വയ്യായ്കകള്‍ക്കിടയിലും ഈ പൊന്നാനിക്കാരന്‍ കുടുംബസമേതം മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥിസംഗമത്തിന് എത്തിയത്. പൊന്നാനി പെരുമ്പടപ്പ് അയിരൂരില്‍ പി എ മൊയ്തുണ്ണി 1935-'37 കാലത്താണ് കോളേജിലെ ഡിഗ്രി (ചരിത്രം) വിദ്യാര്‍ഥിയാകുന്നത്. മൊയ്തുണ്ണിയുടെ തൊട്ടു ജൂനിയറായിരുന്നു അന്ന് മലയാളം ഡിഗ്രിക്ക് പഠിച്ചിരുന്ന മഹാകവി ചങ്ങമ്പുഴ. വിശ്രുതമായ 'രമണന്റെ' പ്രസാധനത്തിനുശേഷമാണ് ചങ്ങമ്പുഴ മഹാരാജാസില്‍ ചേരുന്നത്. ഇന്റര്‍മീഡിയറ്റിന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ശിഷ്യനായിരുന്ന മൊയ്തുണ്ണിക്ക് മലയാളത്തിലും താല്‍പ്പര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോളേജിലെ ചങ്ങമ്പുഴയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞ് കൊലുന്നനെ നാണംകുണുങ്ങിയായ ചെറുപ്പക്കാരനാണ് മൊയ്തുണ്ണിയുടെ ചങ്ങമ്പുഴ. ഇന്നത്തെപ്പോലെ കവിത ചൊല്ലലോ കവിയരങ്ങോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ചങ്ങമ്പുഴയടക്കമുള്ളവര്‍ പഠിച്ചിരുന്ന ആ കാലം മഹാരാജാസിന്റെ സുവര്‍ണകാലമായിരുന്നു എന്നാണ് മൊയ്തുണ്ണിയുടെ പക്ഷം. ഇരുപത്തൊമ്പതുകാരനായിരുന്ന ബ്രിട്ടീഷ് സായ്പ് എച്ച് ആര്‍ മില്‍സായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. ബ്രിട്ടീഷ് ഭരണമായിരുന്നതിനാല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെയായിരുന്നു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പനടക്കമുള്ള പ്രമുഖര്‍ അധ്യാപകരായിരുന്നു. കൊച്ചി രാജകുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് അന്ന് ക്ളാസില്‍ പ്രത്യേക ഇരിപ്പിടമുണ്ടായിരുന്നു. അന്നത്തെ അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ഉത്തരവാദിത്തത്തോടെ പഠനകാലം പ്രയോജനപ്പെടുത്തിയതിന്റെ ഓര്‍മകളും മൊയ്തുണ്ണിയുടെ മനസ്സില്‍ പച്ചപിടിച്ചുനില്‍പ്പുണ്ട്. ദേശീയ സ്വാതന്ത്യ്രസമരത്തിന്റെ അലയൊലികള്‍ ആഞ്ഞടിച്ചുതുടങ്ങിയ കാലമായിരുന്നു അത്. മറക്കാനാവാത്ത ഈ ഓര്‍മകളുടെ തിരയിളക്കം നല്‍കിയ ആവേശത്തിലാണ് മൊയ്തുണ്ണി . ഏഴു പതിറ്റാണ്ടിനുശേഷമാണ് (മൊയ്തുണ്ണിയുടെ ഭാഷയില്‍ 71 വര്‍ഷവും രണ്ടാഴ്ചയും) വീണ്ടും മഹാരാജാസിന്റെ മടിത്തട്ടിലേക്ക് എത്തിയത്. ഏഴു പതിറ്റാണ്ടിന്റെ സുദീര്‍ഘമായ ഇടവേള മഹാരാജാസിനെ ഒത്തിരി മാറ്റിയിരിക്കുന്നുവെന്ന് മൊയ്തുണ്ണി മനസ്സിലാക്കുന്നു. രാജാവ് നിര്‍മിച്ച പഴയ കെട്ടിടത്തിനൊപ്പം മറ്റു നിരവധി കെട്ടിടങ്ങള്‍. പുതിയ കോഴ്സുകളും പുതിയ വിദ്യാര്‍ഥികളും. അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും കാലത്തിന്റെ ഭാവപ്പകര്‍ച്ച പല മാറ്റങ്ങളും സമ്മാനിച്ചിരിക്കുന്നു. എന്നാലും മഹാരാജാസില്‍ ചെലവഴിച്ച കാലത്തിനും അന്നത്തെ ഓര്‍മകള്‍ക്കും ഇന്നും പച്ചപ്പുതന്നെ; മഹാരാജാസിന്റെ നടുമുറ്റത്തെ നെല്ലിമരത്തിന്റെ മങ്ങാത്ത പച്ചപ്പുപോലെ.

  • ചില ഓർമ്മച്ചിന്തുകൾ

    Sunny Mathew  /  April 13 , 2012

    2008-ലെ ആദ്യ മഹാരാജകീയ സംഗമത്തിന് ശേഷം നാല് വർഷം പിന്നിടുമ്പോൾ 2012- ൽ നടത്തിയ സംഗമക്രിയകൾക്കു സാരഥ്യം വഹിച്ചവർ ഇവരായിരുന്നു . ഡോ. കെ.ആർ വിശ്വംഭരൻ...

  • CJI, Defence Minister walked down memory lane

     IANS / April 13 , 2008

    Taking time off their busy schedules, Union Defence Minister A K Antony and Chief Justice of India K G Balakrishnan, on Saturday walked...

9