ആദ്യ മഹാരാജകീയ സംഗമത്തിൻ്റെ ഓർമകളിലൂടെ

 K. Narayanan Potti  |  Apr 13, 2008

മനസ്സിൻ്റെ ശാദ്വലതലങ്ങളിൽ സൂക്ഷിച്ച ഊർജ്ജവും സ്നേഹവും മുഴുവനായും പുറത്തെടുത്ത ദിവസം. ഇരുപതു മുതൽ തൊണ്ണൂറു വയസ്സിലുമധികംഎത്തിയവർ ഒന്നായി ഒരിടത്തു ഒരുമിച്ചു ചേർന്ന ദിവസം.

അതിനായി കാത്തിരുന്നവർ എത്രയെത്ര...

വരാതിരുന്നവർക്കു നഷ്ടബോധത്തിന്റെ വികാരം മാത്രം ഉൾക്കൊണ്ട ദിവസം.

ലോകചരിത്രത്തിലെ അഭൂതപൂർവമായ പൂർവ വിദ്യാർഥി സംഗമം. അത് വലിയൊരാരവമായിരുന്നു. മധുരമുള്ള ഓർമ്മകൾ മന്ദമാരുതൻ്റെ മന്ദഹാസത്തിൽ തുന്നിയെടുത്ത ആരവം. ഇതുവരെ നടന്നിട്ടില്ലാത്ത, ഇനിയെന്ന് നടക്കുമെന്ന് നിശ്ചയമില്ലാത്ത യഥാർഥ്യത്തിൽ അലിയിച്ചെടുത്ത ആരവം. ലോകം മുഴുവൻ നിശ്ചേതനമായപ്പോൾ മഹാരാജാസ് മാത്രം ജീവിച്ച ആരങ്ങളുടെ ആരവം. തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ.

2007 സെപ്റ്റംബർ 15-ന് ചേർന്ന മഹാരാജാസിൻ്റെ പൂർവ വിദ്യാർഥി സംഘടനയുടെ ജനറൽ ബോഡിയിൽ ചുറുചുറുക്കുള്ള കുറേ വിദ്യാർഥികളും പഴയകാല അംഗങ്ങളും ചേർന്ന പുതിയ ഒരു കമ്മിറ്റി രൂപമെടുക്കുന്നു. 2008 ഫെബ്രുവരി 16-ന് ചേർന്ന യോഗത്തിൽ അതേ വർഷം ഏപ്രിൽ 12 തിയതി ശനിയാഴ്ച ഓൾഡ് സ്റ്റുഡൻറ്സ് ദിനമായി കൊണ്ടാടാൻ തീരുമാനിക്കുകയായിരുന്നു. 2008 മാർച്ച് ഒന്നിന് കൂടിയ വിപുലമായ മീറ്റിങ്ങിൽ ഏപ്രിൽ ലെ ഓൾഡ് സ്റ്റുഡൻറ്സ് ദിനത്തെ മഹാരാജകീയ സംഗമം എന്ന് നാമകരണം ചെയ്യുന്നു. ആദ്യ സംഗമത്തിൻ്റെ സാരഥികൾ ഇവരായിരുന്നു. ഡോ. കെ.ആർ വിശ്വംഭരൻ ഐ.എ.എസ് പ്രെസിഡൻറ്, കെ. നാരായണൻ പോറ്റി ജനറൽ സെക്രട്ടറി , അഡ്വ. കെ. സുഭാഷ് ട്രഷറർ .

ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷന്റെ കോളജിനുള്ളിലെ മനോഹരമായ ഓഫീസ് മുറി ഒരിക്കലുമില്ലാത്തതുപോലെ സജീവമായി. കായലോരക്കാറ്റിന്റെ സുഖശീതളിമയിൽ സംഗമത്തിൻ്റെ വിജയത്തിന് വേണ്ടി അഹോരാത്രം പാടുപെട്ടവരെത്ര ..കാമ്പസ് ക്ലീനിങ് , ശൗചാലയം വൃത്തിയാക്കൽ , താമരക്കുളം വറ്റിച്ചു പുതിയ വെള്ളം നിറയ്ക്കൽ, പന്തലിടൽ, വിളക്കുകാലുകൾ നാട്ടൽ തുടങ്ങി നിരവധി ജോലികൾക്കു ചുക്കാൻ പിടിച്ചത് എവിടെ നിന്നൊക്കെയോ എത്തിയ പഴയ വിദ്യാർഥികൾ.... ഇവിടെ പോൾ റോബ്‌സനെയും , ഡോ. ടി.പി. ജമീലയെയും , സണ്ണി മാത്യുനെയും, ടി.എൻ പ്രേമചന്ദ്രനെയും , എ.കെ രാജനെയും, കെ.കെ തങ്കപ്പനെയും , എൻ.കെ വാസുദേവനെയും , സുനിൽനാഥിനെയും , അഡ്വ.കെ സുഭാഷിനെയും , കെ.ജി ബാലനെയും , എം. ഡി. ഗോപിദാസിനെയും , ജാവേദ് ഹാഷ്‌മിനെയും, കെ.ആർ ഹരിലാലിനെയും , എം.എം ബാവയെയും , കെ.യു ബാവയെയും , വി. വി വിനോവിനെയും , എൻ.വി മുരളിയേയും , എം.ബി സുരേഷിനെയും , എം ബെന്നിയെയും , ടി.കെ ചന്ദ്രകാന്തിനെയും , പി.കെ പ്രകാശിനെയും ഓർക്കാതിരിക്കാൻ കഴിയില്ല . (ഓർമയിൽ തെളിഞ്ഞ പേരുകൾ , പട്ടിക അപൂർണ്ണം.)

ഏകദേശം 3500-ഓളം കത്തുകൾ വിലാസം തപ്പിയെടുത്തു അയക്കുകയായിരുന്നു. 70 വയസ്സിനു മുകളിലുള്ള 150-ഓളം പൂർവ വിദ്യാർഥികളെയും അധ്യാപകരെയും നേരിൽ കാണുകയുണ്ടായി. ഇതിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച കൃഷ്ണൻ മേനോനെയും , ശ്രീമതി ശ്യാമ കൃഷ്ണനെയും , ലക്ഷ്മിയെയും, ജയശ്രീ കെ മേനോനെയും , കെ.എ സോമനെയും , അഷറഫിനെയും , രഹിൻ പവിത്രനെയും , എം.എ ബാലചന്ദ്രനെയും , ശശികല മേനോനെയും , ഭുവനേശ്വരിയെയും ശോഭയേയും , ഷീല റോബ്‌സനെയും , ഷീബയെയും , പ്രഭയെയും ,പപ്പിയേയും , പ്രസന്നേയും , ഇഗ്നേഷ്യസിനെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. (ഇവിടെയും പട്ടിക അപൂർണം.)

മഹാരാജകീയ സംഗമത്തിന് മുന്നോടിയായി 2008 മാർച്ച് 26-ന് ഒരു കാലഘട്ടത്തിലെ മഹാരാജാസിൻറെ ചുണക്കുട്ടികളായിരുന്നു മുഹമ്മദ്‌കുട്ടി എന്ന മമ്മൂട്ടിയും , ഗോപാലകൃഷ്ണൻ എന്ന ദിലീപ് ഉം ചേർന്ന ഇന്നത്തെ താര പ്രഭയുടെ അകമ്പടിയോടെ ഓൾഡ് സ്റ്റുഡൻറ്സ് അസ്സോസിയേഷൻ്റെ പുതിയ വെബ്സൈറ്റ് തുടങ്ങാനും അതിലൂടെ ദൂരസ്ഥലങ്ങളിലും വിദേശത്തുമുള്ള നിരവധി പൂർവ വിദ്യാർഥികളുമായി ബന്ധപ്പെടാനും കുറേ പേരെയെങ്കിലും സംഗമത്തിലേക്കാകർഷിക്കാനും കഴിഞ്ഞു.

മഹാരാജാസിൻറെ ചരിത്ര സ്മാരകമായ സമരമരത്തിനരികിലൊരുക്കിയ മഹനീയമായ തുറന്ന സദസ്സിലിരുന്നു ' ജീവിതത്തിലെ പരീക്ഷണങ്ങൾ മനസ്സിനെ പാകപ്പെടുത്തിയെടുത്തു തന്ന കലാലയമാണ് ഇത് ' എന്ന് തുറന്നടിച്ച അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ മഹാരാജാസിൽ പഠിച്ച വർഷങ്ങളുടെ ധന്യതയുടെ നിറവിൽ സ്വതവേ നിർവികാരമായ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആൻറണിയുടെ വികാരാധീനമായ പ്രസംഗം .

'പ്രസംഗവും അധികപ്രസംഗവും ഒരുപോലെ പഠിപ്പിച്ച കലാലയം' എന്ന് വിശേഷിപ്പിച്ച വൈക്കം വിശ്വൻ . 'മറ്റൊരിടത്തും കിട്ടാത്ത ഒരിടമാണ്.' എന്ന് വിശേഷിപ്പിച്ച തോമസ് ഐസക് . 'നൊസ്റ്റാൾജിയ എന്താണെന്ന് മനസ്സിലാക്കി തന്നത് മഹാരാജസാണ്' എന്ന് വിശേഷിപ്പിച്ച സെബാസ്ട്യൻ പോൾ . മഹാരാജാസിലെ ഓർമകളുടെ കൂമ്പാരവുമായി നടക്കുന്ന ബിനോയ് വിശ്വം. 'എന്നെ ഞാനാക്കിയ മഹാരാജാസ് ' നെ വാനോളം പുകഴ്ത്തിയ ഡോ.കെ.എസ് രാധാകൃഷ്ണൻ , വേണു രാജാമണി , ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് , ജസ്റ്റിസ് കെ. സുകുമാരൻ , ജസ്റ്റിസ് ഉഷ സുകുമാരൻ, ഡോ.വി.പി ഗംഗാധരൻ , പ്രൊഫ്.ലീലാവതി തുടങ്ങിയ പ്രഗത്ഭരുടെ ഒരു നിരതന്നെ അവിടെ എത്തി. ഇവരുടെയിടയിലൂടെ ഓ.എസ്.എ യുടെ 2007-2009 കാലഘട്ടത്തിനു എന്നോടൊപ്പം നേതൃത്വം നൽകിയ ഡോ.കെ.ആർ വിശ്വംഭരനും സംഗമ പരിപാടിയുടെ ചുക്കാൻ പിടിച്ച ടി.ജയചന്ദ്രനും മറ്റനവധി അംഗങ്ങളും പൂർവ വിദ്യാർഥികളും അധ്യാപകരും അഭ്യുദയകാംക്ഷികളും ....

തിങ്ങിനിറഞ്ഞ ആ ജനസമുദ്രത്തിൻറെ ആരവത്തിൽ എല്ലാവരും അവരവരെ തന്നെ മറന്നു നിന്ന ദിവസം. പ്രൊഫ്.ഷേർലി പ്രസാദിൻറെയും എ.രാമമേനോന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരകളി... അഷറഫിന്റെയും സോമന്റെയും വില്യംസിന്റെയും ബിജു നാരായണന്റെയും വിശ്വത്തിന്റെയും നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ഗാനാമൃത ധാര... അൻസാറിന്റെ സ്കിറ്റ് തുടങ്ങി നിരവധി പരിപാടികളിലൂടെ ആ ദിവസം കടന്നു പോയത് എത്ര പെട്ടന്നായിരുന്നു.

ഏപ്രിൽ 12 , 2008-ലെ സംഗമം വൻവിജയമായതിൽ വളരെയേറെ പേരുടെ വിയർപ്പു പോലെ തന്നെ നമുക്ക് കിട്ടിയ നിസ്സീമമായ സാമ്പത്തിക സഹായവും മറക്കാൻ കഴിയില്ല . പ്രിത്യേകിച്ചും എൻ.ഐ.എഫ്.ഇ യുടെ ഡയറക്ടർ കെ.വി തോമസിനെയും

മഹാരാജാസ് എന്നും നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു വികാരമാണ്.....

ആ വികാരത്തിന് മരണമില്ല.. അതുപോലെ തന്നെ മഹാരാജാസിനും..

  • ചില ഓർമ്മച്ചിന്തുകൾ

    Sunny Mathew  /  April 13 , 2012

    2008-ലെ ആദ്യ മഹാരാജകീയ സംഗമത്തിന് ശേഷം നാല് വർഷം പിന്നിടുമ്പോൾ 2012- ൽ നടത്തിയ സംഗമക്രിയകൾക്കു സാരഥ്യം വഹിച്ചവർ ഇവരായിരുന്നു . ഡോ. കെ.ആർ വിശ്വംഭരൻ...

  • CJI, Defence Minister walked down memory lane

     IANS / April 13 , 2008

    Taking time off their busy schedules, Union Defence Minister A K Antony and Chief Justice of India K G Balakrishnan, on Saturday walked...

9